കോട്ടയം: പാറമ്പുഴയില്‍ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ വിധി പറയുന്നത് രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ശിക്ഷ വിധിച്ചത്. 2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു.