പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് കരുതുന്ന മൂന്ന് സ്ത്രീകളെ ഫ്രാന്‍സില്‍ അറസ്റ്റ്ചെയ്തു. ഇവര്‍ പാരീസില്‍ ഭീകരാകക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പോലീസ് പറയുന്നത്. പിടിയിലായവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പോലീസുകാരന് കുത്തേറ്റു. തെക്കുകിഴക്കന്‍ പാരീസിലെ എസ്വേണെ ടൗണിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞയാഴ്ച നോത്രദാം കത്തീഡ്രലില്‍ ഏഴ് ഗ്യാസ് സിലിണ്ടര്‍ നിറച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അമന്‍, സാറ, മദാനി എന്നീ മൂന്ന് സ്ത്രീകളിലേക്കെത്തിയത്.
പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ പോലീസിനെ ആക്രമിച്ചു. ഇതിനിടെ സാറയുടെ ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.
പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഇവര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിനായി സ്ത്രീകളെ നിയോഗിക്കുന്നത് ഐഎസ്സിന്റെ പുതിയ തന്ത്രമാണെന്ന് സംഭവം വശദീകരിച്ച ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ക്ക നേരത്തെ കൊല്ലപ്പെട്ട ഭീകരനുമായി ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്.