പാരിസ് • കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊന്ന പള്ളി രണ്ടു മാസത്തിനുശേഷം തുറന്നു. ജൂലൈ 26ന് വടക്കന്‍ ഫ്രാന്‍സിലെ നോര്‍മന്‍ഡി പട്ടണത്തിലെ പള്ളിയില്‍ കടന്ന 19 വയസ്സുകാരായ രണ്ട് ഐഎസ് ഭീകരര്‍ ഷാക് ഹാമല്‍(84) എന്ന വൈദികനെ മുട്ടുകുത്തി നിര്‍ത്തിച്ചശേഷം കഴുത്തറുത്തുകൊല്ലുകയായിരുന്നു.കല്ലില്‍ പണിതീര്‍ത്ത പള്ളിയുടെ തടിയില്‍ തീര്‍ത്ത വാതിലുകള്‍ ആര്‍ച്ച്‌ബിഷപ് ഡൊമിനിക് ലെബ്രന്‍ തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിനു വിശ്വാസികള്‍ ഉള്ളില്‍ കടന്നു. വിശ്വാസികള്‍ ഹല്ലേലൂയ ചൊല്ലവേ ആര്‍ച്ച്‌ബിഷപ് പള്ളിയുടെ ഭിത്തിയിലും അള്‍ത്താരയിലും നിലത്തും ഭക്തരുടെമേലും വിശുദ്ധ ജലം തളിച്ചു.കൊല നടന്ന പള്ളി ശുദ്ധമാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ‘അവര്‍ ഫാ. ഹാമലിനെ വധിച്ചു. എന്നാല്‍ കത്തോലിക്ക വിശ്വാസത്തെ കൊല്ലാനായിട്ടില്ല. സ്നേഹത്തെ അവര്‍ കൊന്നിട്ടില്ല’- ആര്‍ച്ച്‌ബിഷപ് പറഞ്ഞു. ഇതേസമയം, സാധാരണ ഒരാളെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് മരണത്തിന് അഞ്ചു വര്‍ഷം കഴിഞ്ഞാണെങ്കിലും ഹാമലിന്റെ കാര്യത്തില്‍ മാര്‍പാപ്പ ഇളവു പ്രഖ്യാപിച്ചേക്കുമെന്ന് ആര്‍ച്ച്‌ബിഷപ് കുര്‍ബാന മധ്യേ അറിയിച്ചു.പട്ടണത്തിലെ മുസ്ലിം സമൂഹത്തില്‍പെട്ട ഒട്ടേറെ പേര്‍ മുന്‍നിരയിലുണ്ടായിരുന്നു. അള്‍ത്താരയില്‍ ക്രിസ്തുവിനുവേണ്ടി മരിച്ച ഹാമല്‍ രക്തസാക്ഷിയാണെന്നും രക്തസാക്ഷികള്‍ വാഴ്ത്തപ്പെടേണ്ടവരാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു.അദ്ഭുതപ്രവൃത്തി നടത്തിയയാളെയാണു വിശുദ്ധനായി പ്രഖ്യാപിക്കുന്നതെങ്കിലും രക്തസാക്ഷിയാണെങ്കില്‍ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കാനാവും.