ന്യൂയോര്‍ക്ക് • കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടി നിയമമായി. 96 രാജ്യങ്ങളാണ് ഇതുവരെ കരാര്‍ അംഗീകരിച്ചത്. ഇന്ത്യയില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉടമ്പടി പ്രാബല്യത്തില്‍ വന്നിരുന്നു. ലോകത്തെ കാര്‍ബണ്‍ വാതക ബഹിര്‍ഗമനത്തിനു കാരണക്കാരായ രാജ്യങ്ങളില്‍ 55% പിന്തുണച്ചാല്‍ ഉടമ്പടി രാജ്യാന്തര നിയമമാകുമെന്നാണു വ്യവസ്ഥ. ഒക്ടോബര്‍ ആദ്യംതന്നെ ഈ കടമ്പ കടന്നിരുന്നു. നവംബര്‍ നാലിനു കരാര്‍ നിലവില്‍വരുമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തേ പ്രഖ്യാപിച്ചിരുന്നു. അടുത്തയാഴ്ച മൊറോക്കോ കാലാവസ്ഥാ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കരാര്‍ അംഗീകരിക്കാത്ത രാജ്യങ്ങള്‍ ഈ സമ്മേളനത്തില്‍ നിരീക്ഷകരായിരിക്കും. ഭൗമതാപനില രണ്ടു ഡിഗ്രി സെല്‍ഷ്യസ് പരിധിക്കുള്ളില്‍ നിര്‍ത്തുക എന്നതാണു പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഉടമ്പടി രാജ്യാന്തര നിയമമായതോടെ ലോകരാജ്യങ്ങള്‍ ആഗോളതാപനം കുറയ്ക്കാനുള്ള നടപടികളിലേക്കു കടക്കും. കാര്‍ബണ്‍ ബഹിര്‍ഗമനത്തോതു നിയന്ത്രിക്കാന്‍ കരാര്‍ അംഗീകരിച്ച എല്ലാ രാജ്യങ്ങളും ശ്രമിക്കണം. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ചൈനയും യുഎസും ഇന്ത്യയുമാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പാരിസില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ രൂപമെടുത്ത കരാറാണിത്.