ദില്ലി:നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ചര്‍ച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റിലെത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമിതി ആരോപണത്തിലും പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള തടസപ്പെട്ടു. ശക്തമായ ബഹളത്തെ തുടര്‍ന്ന് ആദ്യം 12 മണിവരെ നിര്‍ത്തിവച്ച ലോക്സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ബഹളം. പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുണ്ടാകുമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മോദി മറുപടി നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്രധനമന്ത്രിയെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ല, നോട്ടു വിഷയത്തില്‍ വോട്ടിങ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും പ്രതിപക്ഷം നിലപാടെടുത്തു. രാജ്യസഭയിലും ബഹളം തുടര്‍ന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു 540 കോടി രൂപയുടെ അഴിമതി നടത്തിയെന്നും വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. മുഴുവന്‍ അംഗങ്ങളോടും ഹാജരാകാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവിടെ എത്തിയിരിക്കുന്നത് സംസാരിക്കാന്‍ ആണെന്നും അതിന് സര്‍ക്കാര്‍ അനുവദിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണമെന്നും പാര്‍ലമെന്റില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.