ഇ അഹമ്മദിന്റെ മരണം: പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായി

209

ദില്ലി: ഇ അഹമ്മദിന്റെ മരണത്തിലെ ദൂരൂഹതയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രശ്‌നത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി വെങ്കയ്യനായിഡു ആരോപിച്ചു. ഒരു പാര്‍ലമെന്റംഗത്തിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭ ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ചോദിച്ചു. എന്നാല്‍ പ്രതിപക്ഷം ഒരു പ്രശ്‌നം മന:പൂര്‍വ്വം ഉണ്ടാക്കുകയാണെന്ന് മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. പ്രതിപക്ഷം ഇതിനെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വിഷയമാക്കുകയാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ ലോക്‌സഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം ധര്‍ണ്ണ നടത്തിയത്. ഈ പ്രശ്‌നം ചോദ്യോത്തരവേള ഒഴിവാക്കി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലറങ്ങി. ശൂന്യവേളയില്‍ അടിയന്തരപ്രമേയനോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം ഒന്നടങ്കം വാക്കൗട്ട് നടത്തി. പ്രശ്‌നത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പാര്‍ലമെന്റിനുള്ളിലെ പ്രതിപഷേധം അവസാനിപ്പിച്ചെങ്കിലും അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY