എന്‍ ഡി എ സര്‍ക്കാരിന് താക്കീത് നല്‍കി രാഷ്ട്രപതി പ്രണബ് മുഖര്‍ജി

233

ന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാരിന് താക്കീത് നല്‍കി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിക്കായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതിലാണ് രാഷ്ട്രപതിയുടെ അതൃപ്തിയെന്നാണ് റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുന്നത്.

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കരുതെന്നാണ് നിയമം. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും മോഡി സര്‍ക്കാരിനു രാഷ്ട്രപതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് എനിമി പ്രോപ്പര്‍ട്ടി ആക്‌ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള അനുമതി തേടി സര്‍ക്കാര്‍ രാഷ്ട്രപതിയെ സമീപിച്ചത്.

കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷമാണു സാധാരണഗതിയില്‍ രാഷ്ട്രപതിക്കു മുന്‍പാകെ ഓര്‍ഡിനന്‍സ് സമര്‍പ്പിക്കുക.
എന്നാല്‍ ഇതൊന്നുമില്ലാതെ പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരമുപയോഗിച്ച്‌ സര്‍ക്കാര്‍ രാഷ്ട്രപതിക്കു മുന്‍പാകെ നേരിട്ട് ഓര്‍ഡിനന്‍സ് എത്തിക്കുകയായിരുന്നു.

യുദ്ധസമയത്ത് ഇന്ത്യയില്‍ നിന്നു പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിപ്പാര്‍ത്തവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളുടെ പിന്തുടര്‍ച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരെയുള്ള നിയമമാണ് എനിമി പ്രോപ്പര്‍ട്ടി ആക്‌ട്. നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തിടുക്കപ്പെട്ട നടപടി.

NO COMMENTS

LEAVE A REPLY