ന്യൂഡല്‍ഹി: നിശ്ചയിച്ച സമയത്തും, സ്ഥലത്തും തിരിച്ചടി നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിനു മറുപടിയായി മുന്‍ പാക്ക് പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുഷറഫ്. സൈനീക തിരിച്ചടിയെക്കുറിച്ച് സംസാരിക്കുന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായാലും സൈനീക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആയാലും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചുക്കൂടി ഓര്‍ക്കണമെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.
നിശ്ചയിച്ച സമയത്തും, സ്ഥലത്തും ഇന്ത്യ തിരിച്ചടിക്കുമെങ്കില്‍ അതേ രീതിയില്‍ തന്നെ പാക്കിസ്ഥാനും തിരിച്ചടിക്കുമെന്നും ആ തിരിച്ചടി ഞങ്ങള്‍ നിശ്ചയിക്കുന്ന സ്ഥലത്തായിരിക്കുമെന്നും അത് തടയാന്‍ ഇന്ത്യക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.കാശ്മീരില്‍ എന്ത് പ്രശ്നമുണ്ടായാലും അതിന് പാക്കിസ്ഥാനെയും പാക്ക് സൈന്യത്തെയുമാണ് കുറ്റപ്പെടുത്തുന്നതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. ഉറിയിലെ കരസേന താവളത്തിന് സമീപത്തുനിന്നും പാക്കിസ്ഥാന്‍ മുദ്രയുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോകത്തിന്‍റെ ഏത് ഭാഗത്തുനിന്നും ഏത് രാജ്യത്തിന്‍റെയും മുദ്രയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നായിരുന്നു മുഷറഫിന്‍റെ മറുപടി. പാക്ക് സൈന്യവും പാക്കിസ്ഥാന്‍ സര്‍ക്കാരുമാണ് ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന വരുത്തിതീര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാക്ക് സൈന്യമാണെന്ന ഇന്ത്യയുടെ വാദത്തെയും മുഷറഫ് തള്ളി.