ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാകിസ്താനിലെ നിരവധി സ്ഫോടനങ്ങളില്‍ മസൂദ് അസ്ഹറിന് പങ്കുണ്ടെന്നും മുഷറഫ് പറഞ്ഞു. ഒരു പാകിസ്താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മസൂദ് അസ്ഹറിനെ തീവ്രവാദിയെന്ന് മുഷറഫ് വിശേഷിപ്പിച്ചത്. അതേസമയം, അസ്ഹറിനെ രാജ്യാന്തര തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തെ എതിര്‍ക്കരുതെന്ന് ചൈനയോട് ആവശ്യപ്പെടാത്തതെന്തെന്ന ചോദ്യത്തിന് മുഷറഫ് വ്യക്തമായ മറുപടി പറഞ്ഞില്ല. എന്തിനാണ് ചൈനയെ ഇക്കാര്യത്തില്‍ വലിച്ചിഴയ്ക്കുതെന്ന മറുചോദ്യമാണ് മുഷറഫിന്റെ ഭാഗത്തുനിന്നുണ്ടായത്. ചാരവൃത്തിയെ തുടര്‍ന്ന് ഡെല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മുഷറഫിന്റെ ആദ്യ പ്രതികരണം. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു പ്രോല്‍സാഹിപ്പിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നയതന്ത്രപരമായി പരാജയപ്പെട്ടെന്ന വസ്തുത അംഗീകരിക്കുന്നുവെന്നും മുഷറഫ് അഭിമുഖത്തില്‍ പറഞ്ഞു.