കത്തിഹാര്‍: ബിഹാറിലെ കത്തിഹാര്‍ ജില്ലയിൽ പശുക്കളുമായി പോയ യുവാവിനെ കവര്‍ച്ചക്കാര്‍ തല്ലിക്കൊന്നു. പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘം ആക്രമണം നടത്തിയത്. മുഹമ്മദ് ജമാല്‍ എന്നയാളും ഇയാളുടെ സഹോദരനുമാണ് ആക്രമിക്കപ്പെട്ടത്. പശ്ചിമ ബംഗാളില്‍നിന്നു തിങ്കളാഴ്ച വൈകിട്ടു ലാഭ പാലം വഴിയാണ് ഇവര്‍ വന്നിരുന്നത്. ഇവിടെവച്ചു സാഗര്‍ യാദവ് എന്നയാളും സംഘവും പണം ആവശ്യപ്പെട്ടു.
പണം നല്കാന് ജമാല്‍ വിസമ്മതിച്ചു. ഇതോടെ സംഘം ജമാലിനെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കത്തിഹാര്‍ സദര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സാഗര്‍ യാദവിനും കൂട്ടാളികള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി കത്തിഹാര്‍ സദര്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍നിന്നു പശുക്കളെ കൊണ്ടുവന്നു കച്ചവടം നടത്തിയിരുന്ന ആളാണ് ജമാല്‍. ജമാലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നൂറു കണക്കിനു നാട്ടുകാര്‍ ചേര്‍ന്ന് കത്തിഹാര്‍-ഗെരാബരി ഹൈവേ ഉപരോധിച്ചു.