ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാം ദേവിന് ഗുണമുള്ള പദ്ധതികള്‍ നടപ്പാക്കി മോഡി സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. രാജ്യത്തെ ജവാന്‍മാരെ യോഗ പരിശീലിപ്പിക്കാനായി രാം ദേവിനെ ഏല്‍പ്പിച്ചതിനു പിന്നാലെ ജവാന്മാര്‍ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കളെല്ലാം രാംദേവിന്റെ പതഞ്ജലി ഉത്പ്പന്നങ്ങളാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ബിഎസ്‌എഫ് വൈഫ്സ് അസോസിയേഷനുമായി ധാരണാപത്രവും പതഞ്ജലി തയ്യാറാക്കി. ധാരണാപത്ര പ്രകാരം പതഞ്ജലിയുടെ എഫ്‌എംസിജി ബ്രാന്‍ഡ് പ്രൊഡക്ടുകള്‍ രാജ്യത്തെ എല്ലാ ബിഎസ്‌എഫ് ട്രൂപ്പുകളിലും വിതരണം ചെയ്യാനുള്ള അനുമതി ബാബാ രാംദേവിന് സ്വന്തമായി. തുടര്‍ന്ന് ബിഎസ്‌എഫിന്റെ ക്യാമ്ബസുകളിലും ട്രൂപ്പുകളിലും പതഞ്ജലിയുടെ നിരവധി സ്റ്റോറുകളാണ് തുറക്കാന്‍ പോകുന്നത്.
ആദ്യത്തെ ഷോപ്പ് ഡല്‍ഹിയിലെ ബിഎസ്‌എഫ് ക്യാമ്ബില്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
രാജ്യത്തുടനീളമുള്ള ബിഎസ്‌എഫ് ക്യാമ്ബുകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള ചുമതല ഹരിദ്വാറിലെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനാണ്. ക്യാമ്ബുകളില്‍ 15 ശതമാനം മുതല്‍ 28 ശതമാനം ഡിസ്ക്കൗണ്ടോടെയാണ് ഉത്പന്നമെത്തിക്കുകയെന്ന് ബിഎസ്‌എഫ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കന്നു. ഇതിനിടെ പതഞ്ജലിയെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മോഡി സര്‍ക്കാരിന് കീഴില്‍ യഥാര്‍ത്ഥ അച്ഛേ ദിന്‍ ലഭിച്ചത് ബാബാ രാംദേവിനാണെന്നാണ് പ്രധാനവിമര്‍ശനം. സിആര്‍പിഎഫിന്റെ കാവലില്‍ വിഐപി സുരക്ഷയോടെ കഴിയുന്ന രാംദേവിന് വഴിവിട്ട സഹായമാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.