പതഞ്ജലി ഉൽപ്പന്നമായ നെല്ലിക്ക ജ്യൂസ് സൈനിക ക്യാന്റീനുകളിൽ നിന്ന് പിൻവലിച്ചു

291

ന്യൂഡൽഹി : പതഞ്ജലി ഉൽപ്പന്നമായ നെല്ലിക്ക ജ്യൂസ് സൈനിക ക്യാന്റീനുകളിൽ നിന്ന് പിൻവലിച്ചു. പുറത്തിറങ്ങി അധികം വൈകാതെ ഹിറ്റ് ആയ ഒന്നാണ് നെല്ലിക്ക ജ്യൂസ്. ആരോഗ്യത്തിന് ജ്യൂസ് ഉത്തമമാണെന്നാണ് പരസ്യങ്ങളിൽ പതഞ്ജലിയും രാംദേവും ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ നെല്ലിക്ക ജ്യൂസിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉണ്ടത്രെ. ഇത് സൈനികരെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൈനിക ക്യാന്റീനുകളിൽ നിന്ന് പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുമ്പ് മാഗി നൂഡിൽസിനെതിരെയഉം ഇതേ സ്ഥാപനത്തിലാണ് പരിശോധന നടന്നതും മാഗിക്ക് നിരോധനം ഉണ്ടായതും. ഇപ്പോൾ പതഞ്ജലി ജ്യൂസിൽ ഹാനികരമായ അംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്തെ സൈനിക കാന്റീനുകളിൽ നിന്നും ഉൽപ്പന്നം പിൻവലിച്ചത്. എല്ലാ ഡിപ്പോകളിലും അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ സ്റ്റോക്ക് വിവരങ്ങൾ അറിയിക്കണമെന്നും ഉൽപ്പന്നം പിൻവലിക്കാനുള്ള നടപടികൾ എടുക്കണമെന്നും പ്രതിരോധ വകുപ്പ് കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിനോട് നിർദ്ദേശിച്ചു. കൊൽക്കത്തയിലെ കേന്ദ്ര ഫുഡ് ലാബിലായിരുന്നു നെല്ലിക്ക ജ്യൂസിന്റെ പരിശോധന. പരിശോധനയിൽ ജ്യൂസ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായി പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു. നേരത്തെ നെസ്ലേ കമ്പനിയുടെ മാഗി ന്യൂഡിൽസിൽ ഈയവും എംഎസ്ജിയും അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയതും കൊൽക്കത്തയിലെ ലാബിലെ പരിശോധന ഫലത്തിലാണ്. കഴിഞ്ഞവർഷവും പതഞ്ജലി ഉൽപന്നങ്ങൾക്കെതിരെ മറ്റുചില ആക്ഷേപങ്ങളും ഉയർന്നിരുന്നു. പതഞ്ജലിയുടെ പരസ്യങ്ങൾ തെറ്റുദ്ധരിപ്പിക്കുന്നതും വ്യജവുമാണെന്ന കണ്ടെത്തലിനെ തുടർന്ന് യോഗാഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദിക്സിന് പതിനൊന്ന് ലക്ഷം രൂപ പിഴ ചുമത്തപ്പെടുകയും ചെയ്തു. മറ്റു ബ്രാൻഡുകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരസ്യങ്ങൾ നൽകിയതിനാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള കോടതിയാണ് പതഞ്ജലിക്ക് പിഴ വിധിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾക്ക് കീഴിലാണ് കേസെടുത്തത്. ഭാവിയിൽ ഉൽപന്നങ്ങളുടെ കാര്യത്തിൽ കമ്പനി കരുതൽ എടുത്തില്ലെങ്കിൽ കൂടുതൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലാബ് റിപ്പോർട്ട് പുറത്തുവരുന്നത്.

NO COMMENTS

LEAVE A REPLY