ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കു വിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന മൂഴിക്കല്‍ പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.
എട്ട് മലയാളികളാണ് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത് . രണ്ട് പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരവും ആറ് പേര്‍ക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.കേന്ദ്രമന്ത്രിമാരായിരുന്ന ജോര്‍ജ് ഫെര്‍ണാഡസ്, അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പത്മവിഭുഷണ്‍ ലഭിച്ചു. മേരി കോം, അനരൂദ് ജുനൗദ്, ചാനുലാല്‍ മിശ്ര, സ്വാമി വിശ്വേശ്വരതീര്‍ത്ഥ എന്നിവര്‍ക്കും പത്മവിഭുഷണ്‍ ലഭിച്ചു.
കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന് പത്മഭൂഷണ്‍ ലഭിച്ചു. മലയാളികളായ എം. മുംതാസ് അലി, എന്‍.ആര്. മാധവമേനോന് എന്നിവരും പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായി. 16 പേരാണ് പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്.കട്ടുങ്കല്‍ സുബ്രഹ്മണ്യം മണിലാല്‍, എന്‍. ചന്ദ്രശേഖരന് നായര്‍, എം.കെ. കുഞ്ഞോള്, മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണ്‍ മുണ്ടയൂര്‍, തലപ്പില്‍ പ്രദീപ് എന്നീവരാണ് കേരളത്തിന് അഭിമാനമായി പത്മശ്രീ പുരസ്കാരങ്ങള്‍ നേടിയത്.
കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്.21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ(പരിസ്ഥിതി പ്രവര്‍ത്തക- കര്‍ണാടക), മുന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലര്‍.