തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഫ്‌ളാറ്റ് വാങ്ങിയവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് ലോകായുക്ത. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഫ്‌ളാറ്റ് വാങ്ങിയവരെ അറിയിക്കണമെന്നും ലോകായുക്ത ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. കേസിന്റെ വാദം പൂര്‍ത്തിയായി അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഫ്‌ളാറ്റ് വാങ്ങിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ല. ഇപ്പോള്‍ പരസ്യപ്പെടുത്തിയാല്‍ ഇത് തിരുത്തേണ്ടിവരുമെന്നും നിര്‍മ്മാതാക്കളുടെ അഭിഭാഷകര്‍ ലോകയുക്തയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ലോകയുക്ത തീരുമാനിച്ചത്. അതേ സമയം ഫ്‌ളാറ്റ് സ്വന്തമാക്കിയവരുടെ എല്ലാ വിവരങ്ങളും രജിസ്റ്റേര്‍ഡ് പോസ്റ്റായി അറിയിക്കണം നിര്‍മ്മാതാക്കള്‍. ഇതിന്റെ സത്യവാങ്മൂലം പത്ത് ദിവസത്തിനകം നല്‍കണമെന്നും ലോകായുക്ത പറഞ്ഞു. അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്നും പരാതിക്കാരനായ ജോയ് കൈതാരത്തെ അറിയിച്ചു. കേസ് മൂന്ന് മാസത്തിനകം അവസാനിപ്പിക്കുന്നതിനുള്ള ഒരു ഉത്തരവ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് വ്യക്തത തേടാനും ലോകായുക്ത തീരുമാനിച്ചിട്ടുണ്ട്.