പയ്യന്നൂര്‍ കൊലപാതകം; ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്തി

253

==കണ്ണൂര്‍: പയ്യന്നൂരിൽ ബിഎംഎസ് പ്രവർത്തകൻ രാമചന്ദ്രൻ വധക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കാപ്പ ചുമത്തി. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഭാരവാഹിയായ ടിസിവി നന്ദകുമാറിനെയാണ് പൊലീസ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പൊലീസ് നടപടിയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു .
ബിഎംഎസ് പ്രവര്‍ത്തകൻ രാമചന്ദ്രനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ നന്ദകുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. വധക്കേസിൽ നേരിട്ട് പങ്കെടുത്ത 6 പേരാണ് ഇതുവരെ പിടിയിലായത്.
സിപിഎം പ്രവര്‍ത്തകൻ ധനരാജിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെ രാമചന്ദ്രനെ ഒരു സംഘം ആളുകള്‍ വീടുവളഞ്ഞ് വെട്ടിക്കൊല്ലുകയായിരുന്നു. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് സിപിഎം അന്നൂര്‍ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട രാമചന്ദ്രന്റെ അയൽവാസി കൂടിയാണ് നന്ദകുമാര്‍. വീട്ടുകാര്‍ നന്ദകുമാറിനെക്കുറിച്ച് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.
സിപിഎം പ്രവര്‍ത്തകൻ ധനരാജിനെ വധിച്ച കേസിൽ 9 ആര്‍.എസ്.എസ് പ്രവര്‍ത്തകരും പിടിയിലായിട്ടുണ്ട്. ഈ കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ച് ആര്‍.എസ്.എസ് പ്രചാരകും തിരുവനന്തപുരം സ്വദേശിയുമായ കണ്ണൻ, ജില്ലാ കാര്യവാഹക് കാരയിൽ രാജേഷ് എന്നിവരെ ഉൾപ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY