എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

349

തിരുവനന്തപുരം: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികള്‍ പോലീസ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനുകീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാകുമോ എന്ന കാര്യത്തില്‍ അടുത്തദിവസം പുറത്തിറങ്ങുന്ന ഉത്തരവില്‍ വ്യക്തമാകും.

NO COMMENTS