കള്ള് വ്യവസായ മേഖലയില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കും: തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍.

132

കള്ള് വ്യവസായ മേഖലയില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമസഭയില്‍ 5 എ ഹാളില്‍ വിളിച്ചു ചേര്‍ത്ത കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. കള്ള് വ്യവസായത്തില്‍ അര്‍ഹതയുള്ള തൊഴിലാളികള്‍ക്കോ ആശ്രിതര്‍ക്കോ പെന്‍ഷന്‍ ലഭിക്കുന്നത് തടസപ്പെടാന്‍ അനുവദിക്കില്ല. ബോര്‍ഡില്‍ അംശദായം അടച്ചവരാണെങ്കില്‍ അവര്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ട്. മറ്റ് സാമൂഹ്യ പെന്‍ഷനുകളുടെ പേരില്‍ അതു തടസപ്പെടാന്‍ പാടില്ലെന്നും നിയമവിധേയമായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആനുകൂല്യങ്ങള്‍ മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അത് ഈ മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണം. മേഖലയില്‍ തൊഴിലെടുക്കുന്നവരെയെല്ലാം ക്ഷേമനിധി അംഗങ്ങളാക്കണം.ഇതിന് ജില്ലകളിലെ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തി സഹകരണമുറപ്പാക്കിയുള്ള നടപടികള്‍ സ്വീകരിക്കണം.ഉടമകളുടെ സംഘടനകളുമായും ചര്‍ച്ച നടത്തി തടസ്സങ്ങളൊഴിവാക്കിയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

ജില്ല തിരിച്ച് തൊഴിലാളികളുടെ പട്ടിക തയാറാക്കണം.പാലക്കാട് ജില്ലയിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച് പ്രത്യേകമായി ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കുന്നതിനും മന്ത്രി ബോര്‍ഡിന് നിര്‍ദേശം നല്‍കി. വിധവാ പെന്‍ഷന്‍ സംബന്ധിച്ച് ബോര്‍ഡ് റെസൊല്യൂഷന്‍ തയാരാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് പ്രവര്‍ത്തിച്ചു വന്ന ഷാപ്പുകളെല്ലാം തുടര്‍ന്നും പ്രവര്‍ത്തിക്കും. ന്യായമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.എന്നാല്‍ മുന്‍കാലത്ത് അടച്ചുപൂട്ടിയവ സംബന്ധിച്ചുള്ളതൊന്നും സര്‍ക്കാര്‍ പരിഗണനയിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധ്യമായ എല്ലാ ജില്ലകളിലും ബോര്‍ഡിന് സ്വന്തമായി ഓഫീസ് സംവിധാനം രൂപപ്പെടണം.പിരിഞ്ഞുകിട്ടാനുള്ള തുക കൃത്യമായി ഈടാക്കണമെന്നും വേണ്ടി വന്നാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് കാലപരിധി കൂട്ടി നല്‍കി ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ധനവിനിയോഗത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ ബോര്‍ഡിന്റെ ട്രഷറി അക്കൗണ്ടിലെ തുക കിട്ടുന്ന പലിശയില്‍ കുറവു വാരാത്ത വിധം സര്‍ക്കാര്‍ കമ്പനിയിലേക്ക് മാറ്റുന്നത് പരിഗണനയിലാണ്. പെന്‍ഷന്‍ ലഭിക്കേണ്ട എല്ലാവര്‍ക്കും അതിനുള്ള സാഹചര്യമുറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍, ബോര്‍ഡ് ചെയര്‍മാന്‍, മറ്റ് ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS