ആയിരം ദിനാഘോഷങ്ങൾക്ക് ജനകീയമായ സമാപനം ; സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

146

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പിന്നിട്ട ആയിരം നല്ല ദിനാഘോഷങ്ങൾക്ക് തലസ്ഥാനത്ത് ജനകീയ സമാപനം. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാസ്‌കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ആയിരം യുവ കലാകാര•ാർക്ക് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.

രണ്ടുവർഷം കൂടി കഴിയുമ്പോൾ കേരളജനത ആഗ്രഹിക്കുന്ന പുതിയ കേരളമായിരിക്കും രൂപപ്പെടുകയെന്ന് ചടങ്ങിൽ സംസാരിച്ച വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആയിരം ദിനങ്ങളിലുണ്ടായ അഭിമാനകരമായ മാറ്റങ്ങൾ ഇതിന് തെളിവാണ്. സർവമേഖലകളിലും വൻ മാറ്റമാണുണ്ടായത്. പുതിയൊരു ചലനാത്മകതയും പുതിയകേരളവും സൃഷ്ടിക്കാൻ ജനകീയശക്തി ഉപയോഗപ്പെടുത്തി സർക്കാരിന് കഴിഞ്ഞു. വലിയ പ്രതിസന്ധികളായി ഓഖി, നിപ, പ്രളയം എല്ലാം വന്നിട്ടും നേരിടാനായി. കേരളത്തിലായിനാലാണ് നിപ പോലുള്ള രോഗം വന്നിട്ടും ഏറ്റവും കുറവ് ജീവഹാനിയിൽ നിർത്താനായത്.

പ്രളയകാലത്തും ജനങ്ങൾ സർക്കാരിനൊപ്പമായിരുന്നു. പ്രളയത്തെ അതിജീവിച്ച് നാം മുന്നോട്ടുവരികയാണ്. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിച്ചില്ല. വിദേശരാജ്യങ്ങളിൽനിന്നുള്ള സഹായവും സ്വീകരിക്കാനനുവദിച്ചില്ല.

എങ്കിലും ജനങ്ങളെ പ്രതിബദ്ധതയോടെ കാത്തുസൂക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. എല്ലാ ഭവനരഹിതർക്കും ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോൾ വീട് നൽകും. ആരോഗ്യരംഗമാകെ ആർദ്രം പദ്ധതിയിലൂടെ മെച്ചപ്പെടുത്തി. പൊതുവിദ്യാലയങ്ങൾ ഹൈടെക്കായി മറ്റു സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇങ്ങോട്ടുവരുന്ന അവസ്ഥയായി. കാലോചിതമായി ഇനിയും വിദ്യാലയങ്ങളെ മെച്ചപ്പെടുത്തും. തൊഴിലില്ലായ്മ പരിഹരിക്കാനാവുംവിധം 94,000 പേർക്ക് നിയമനം നൽകി. ഐ.ടി രംഗത്തും ഒരുലക്ഷത്തിലേറെപ്പേർക്ക് തൊഴിലവസരങ്ങളാണ് വരുന്നത്. സ്റ്റാർട്ടപ്പുകളിലൂടെ യുവാക്കൾ തൊഴിൽദാതാക്കളായി.

കേരളത്തിലെ ജനങ്ങൾക്ക് ഇവിടെത്തന്നെ തൊഴിൽ ലഭിക്കുന്നതിന് അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. കേരളം നിക്ഷേപസൗഹൃദമാക്കി. പൊതുമേഖലാസ്ഥാപനങ്ങൾ ലാഭകരമാക്കി. പൊതുമേഖലയിൽ മരുന്നുനിർമാണത്തിന് വിപുലമായ സൗകര്യം തുടങ്ങി. റബർ കർഷകർക്ക് കൈത്താങ്ങാകാൻ സിയാൽ മോഡലിൽ റബർ അധിഷ്ഠിത വ്യവസായങ്ങൾ പരിപോഷിപ്പിക്കാൻ പദ്ധതി വരുന്നു. മൂന്നുവർഷം കൊണ്ട് 10 ലക്ഷം തെങ്ങിൻതൈകൾ നട്ു സംരക്ഷിക്കാൻ പദ്ധതി തുടങ്ങി. നെൽകർഷകർക്ക് സഹായമായി റൈസ് പാർക്കുകൾ തുടങ്ങി. മത്സ്യത്തൊഴിലാളികൾക്കും ആശ്വാസമായി നിരവധി പദ്ധതികൾ വന്നു. അങ്ങനെ സർവമേഖലയിലും നാടിന്റെ നില മനസിലാക്കിയുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് മാതൃകാസംസ്ഥാനമായി കേരളം ഉയരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഓരോ മേഖലയിലും ജനങ്ങൾ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത വികസന കുതിച്ചുചാട്ടമാണ് 1000 ദിനങ്ങൾക്കുള്ളിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷനുകൾ ലഭിച്ചിരുന്നത് 31 ലക്ഷത്തിൽനിന്ന് 52 ലക്ഷംപേരായെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുൻപ് ജനങ്ങൾക്കുമുന്നിൽ വച്ച വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ചുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ ആയിരം ദിനങ്ങൾ പിന്നിട്ടിരിക്കുന്നതെന്ന് ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയ ദേവസ്വം, സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഐക്യകേരള പിറവിക്കുശേഷമുള്ള 61 വർഷത്തിനിടയിൽ അവിശ്വസനീയമായ വികസനപ്രവർത്തനങ്ങളാണ് ഈ ആയിരം ദിവസങ്ങൾക്കുള്ളിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ആരു വിചാരിച്ചാലും തമസ്‌കരിക്കാനാകില്ലെന്ന് സാംസ്‌കാരിക-പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. സമഭാവന സർഗോത്സവം കലാപരിപാടി ഉദ്ഘാടനവും ആശംസാപ്രസംഗവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷ എം.എൽ.എമാർ പോലും സജീവമായാണ് 1000 ദിനചടങ്ങുകളിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഏതുപ്രതിസന്ധി ഉണ്ടായാലും മലയാളി അതിനെ അതിജീവിക്കുകയും നവകേരളം യാഥാർഥ്യമാകുകയും ചെയ്യും. നാടിന്റെ സാമൂഹ്യ പുരോഗതിയിൽ സാംസ്‌കാരികമായ ഔന്നത്യം പ്രധാനമാണ്. നവോത്ഥാന ആശയങ്ങളിലൂടെ വളർന്ന കേരളത്തിന്റെ പോലും സാംസ്‌കാരികപാരമ്പര്യം വെല്ലുവിളിക്കപ്പെടുമ്പോൾ അതു സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഗ്രാമതലത്തിൽ സജീവമാകുന്നതിന് വജ്രജൂബിലി ഫെലോഷിപ്പ് യുവപ്രതിഭകൾക്ക് നൽകുന്നതിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ആയിരം ദിനങ്ങൾക്കിടെ ഗുണം ലഭിക്കാത്ത ഒരു കുടുംബവും സംസ്ഥാനത്തുണ്ടാകില്ലെന്ന് ചടങ്ങിൽ സംസാരിച്ച ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഇന്ത്യയിൽ ഒരു സംസ്ഥാനവും നൽകാത്ത ആനുകൂല്യങ്ങളാണ് സർക്കാർ നെൽ കർഷകർക്ക് നൽകുന്നത്. കൃഷി അഭിവൃദ്ധിപ്പെടുത്താനാകും വിധം കമ്യൂണിറ്റി ഇറിഗേഷനിലൂടെ ജലസേചനം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പ്രവൃത്തിപഥത്തിലെത്തിച്ച് ജനങ്ങളോട് പ്രതിബദ്ധത തെളിയിച്ച സർക്കാരാണിതെന്ന് ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 1000 ദിനം കൊണ്ട് നിശബ്ദമായ വലിയ മാറ്റമാണിവിടെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച നാലു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. വിവിധ വകുപ്പുകളുടെ നയം പ്രതിപാദിക്കുന്ന നവകേരളത്തിന്റെ നയരേഖകൾ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രളയം 2018 ഒരു ഓർമ്മപ്പുസ്തകം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ അറുപതാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച തമസോമാ ജ്യോതിർഗമയ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ മ്യൂസിയം, പുരാരേഖ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളുടെ സമാഹാരമായ നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്തകം മന്ത്രി എ.കെ. ബാലൻ ബി. സത്യൻ എംഎൽ.എക്കു നൽകി പ്രകാശനം ചെയ്തു.

സർക്കാരിന്റെ വികസനം, ക്ഷേമം, കേരള പുനർ നിർമാണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച മിഴിവ് വീഡിയോ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും രശ്മി രാധാകൃഷ്ണനും രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും മാന്റോ കോണിക്കരയും മൂന്നാം സമ്മാനമായ 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ജോയൽ കൂവള്ളൂരും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, കെ. രാജു, പി. തിലോത്തമൻ, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ ബി. സത്യൻ, കെ. ആൻസലൻ, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, ആസൂത്രണബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, സബ് കളക്ടർ ഇമ്പശേഖർ തുടങ്ങിയവർ സംബന്ധിച്ചു.ചീഫ് സെക്രട്ടറി ടോം ജോസ് നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകൾക്ക് മുന്നോടിയായി ഗായിക പുഷ്‌വപതിയുടെ നേതൃത്വത്തിൽ നടന്ന ദ്രാവിഡബാൻറ് സംഗീതപരിപാടിയും വിപ്ലവഗായിക പി.കെ. മേദിനിയുടെ ഗാനങ്ങളും അരങ്ങേറി.

ഉദ്ഘാടനചടങ്ങിനുഷേശം ആയിരം യൗവനങ്ങളുടെ സർഗോത്സവമായി ‘സമഭാവന’ പരിപാടി നടന്നു. ആയിരം കലാപ്രതിഭകൾക്ക് സർക്കാർ ഫെലോഷിപ്പ് നൽകിയതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ അരങ്ങേറുന്ന പരിപാടിയാണിത്. ഭാഷാപിതാവായ എഴുത്തച്ഛൻ മുതൽ ഒ.എൻ.വി വരെയുള്ള രചനകൾ കോർത്തിണക്കി 300 കലാകാരൻമാർ ഒരുക്കിയ മെഗാ ഷോയായ സമഭാവന വേറിട്ട ദൃശ്യാനുഭവമായി. ഭാരത് ഭവനായിരുന്നു പരിപാടിയുടെ സർഗാത്മക സംഘാടനം.

NO COMMENTS