തമിഴ്നാട്ടിലെ കടകളില്‍ ഇന്നുമുതല്‍ പെപ്സി, കൊക്കക്കോള, ഉത്പന്നങ്ങള്‍ വില്‍ക്കില്ല

315

ചെന്നൈ: ഇന്ന് മുതല്‍ തമിഴ്നാട്ടില്‍ കടകളില്‍ പെപ്സി, കൊക്കക്കോള, ഉത്പന്നങ്ങള്‍ വില്‍ക്കില്ല. തമിഴ്നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. സംഘടനയില്‍ അംഗങ്ങളായ വ്യാപാരികളോട് പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ മാര്‍ച്ച്‌ ഒന്ന് മുതല്‍ കടകളില്‍ വില്പന നടത്തരുതെന്ന് നേരത്തേ ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഘടനയില്‍ 15 ലക്ഷം വ്യാപാരികള്‍ അംഗങ്ങളാണ്. കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്ബോള്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉത്പാദിപ്പിച്ച്‌ ചൂഷണം നടത്തുന്നത് തടയുകയെന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ട്. ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സ്ഥിതിക്ക് ഇത് വില്‍ക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്.
മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. തങ്ങളുടെ അറിയിപ്പ് ലംഘിച്ച്‌ പെപ്സി, കോള ഉത്പന്നങ്ങള്‍ വില്ക്കുന്നതായി കണ്ടെത്തിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യാപാരിവ്യവസായി സംഘടന മുന്നറിയിപ്പ് ല്‍കിയിട്ടുണ്ട്. യുവജനത നയിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടില്‍ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനമുയര്‍ന്നത്. പെപ്സി, കൊക്കക്കോള ഉത്പന്നങ്ങളില്‍ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വില്പന തടയേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി തങ്ങള്‍ നിരന്തരപ്രക്ഷോഭം നടത്തിയെങ്കിലും സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി. വെള്ളയ്യന്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY