തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് സ്റ്റേഡിയം നിർമിച്ചത്.
കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ മികച്ച കായിക ഭാവിക്കായി കൂടുതൽ കളിക്കളങ്ങൾ ഉണ്ടാവണം. തദ്ദേശസ്ഥാപനങ്ങൾ കായിക വികസനത്തിന് കൂടുതൽ പദ്ധതികൾ നടപ്പാക്കിയാൽ ഈ മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം സാധ്യമാകും. കേരളത്തിന്റെ വികസനമെന്നാൽ കായിക വികസനം കൂടിയാണെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അഞ്ച് സ്പോർട്സ് ഹബുകൾ തുടങ്ങാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. പള്ളിക്കൽ, ഉഴമലയ്ക്കൽ, പ്ലാമൂട്ടുകട എന്നിവിടങ്ങളിൽ ഹബുകൾ തുടങ്ങിക്കഴിഞ്ഞു. പെരിങ്ങമലയിലേത് നാലാമത്തേതാണ്. മിതൃമലയിൽ അഞ്ചാമത്തെ സ്പോർട്സ് സ്റ്റേഡിയം പൂർത്തീകരണ ഘട്ടത്തിലാണ്. വിതുരയിൽ പി. ടി ഉഷ സ്റ്റേഡിയത്തിന്റെ വികസനത്തിന് 1.60 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്.
അന്താരാഷ്ട്ര നിലവാരമുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്പോർട്സ് ഹബ്, ജിംനേഷ്യം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ പി. വി. സി ഫ്ളോറിംഗോടു കൂടിയ ബാറ്റ്മിന്റൺ കോർട്ട്, തടിപാകിയ വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ, കബഡി കോർട്ടുകൾ, ക്രിക്കറ്റ് പരിശീലനത്തിനുള്ള പിച്ച് എന്നിവയുമുണ്ട്.