തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്ബില്‍ എംഎല്‍എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി.
ഷാഫിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ, ആരുടെയെങ്കിലും വിടുവായ്ത്തരത്തിന് മറുപടി പറയാന്‍ താനില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ക്രുദ്ധനായ് സംസാരിച്ച മുഖ്യമന്ത്രി ഷാഫിയുടെ ആരോപണങ്ങളെ വിടുവായ്ത്തരമെന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു.
ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ, മുഖ്യമന്ത്രിയുടെ അടുത്തിരുന്ന മന്ത്രി ഇ.പി.ജയരാജന് ഷാഫിയെ ‘റാസ്കല്‍’ എന്ന് വിളിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. ഇപ്പോഴും സഭയില്‍ ബഹളം തുടരുകയാണെന്നാണ് വിവരം.