ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി യുദ്ധക്കൊതിയനെന്ന് മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് പാകിസ്താനേക്കാള്‍ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല. മോഡിക്ക് ആവശ്യമുള്ള അത്രയും തവണ ലാഹോറില്‍ എത്തി നവാസ് ഷെരീഫുമായി സൗഹൃദം പുതുക്കാമെന്നും മുഷറഫ് പറഞ്ഞു. തീവ്രവാദ സംഘടനയായ ലഷ്കറിന്‍റെ തലവന്‍ ഹഫീസ് സയീദിനെ മുഷറഫ് പുകഴ്ത്തി. ലഷ്കറെ തയിബ പാകിസ്താനിലെ ഒരു സന്നദ്ധ സംഘടനയാണ്. സയീദ് മികച്ച വിദ്യാഭ്യാസമുള്ള എഞ്ചിനീയറാണ്. അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നത് അംഗീകരിക്കാനാകില്ല. താനൊരു അഭിഭാഷകനായിരുന്നെങ്കില്‍ സയീദിന് വേണ്ടി കോടതിയില്‍ ഹാജരായേനെ എന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട ബര്‍ഹന്‍ വാനിയെയും മുഷറഫ് പുകഴ്ത്തി. വാനി രക്തസാക്ഷിയാണെന്ന് മുഷറഫ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്‍റെയും സൈന്യത്തിന്‍റെയും നയങ്ങളാണ് വാനിയെ ആയുധം എടുക്കാന്‍ പ്രേരിപ്പിച്ചത്. വാനിയുടെ കുടുംബത്തെ സൈന്യം ശല്യം ചെയ്തിരുന്നുവെന്നും മുഷറഫ് പറഞ്ഞു. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഷറഫ്.