ന്യൂഡല്‍ഹി: കൊക്കകോളയും തംപ്സ് അപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന് 5 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.കൊക്കകോളയെയും തംപ്സ് അപ്പിനെയും മാത്രമായി തെരഞ്ഞെടുത്ത് ഹര്‍ജി സമര്‍പ്പിച്ചത് എന്തിനാണെന്ന് ചോദിച്ച കോടതി ഹര്‍ജിക്കാരന്റെ ഉദ്ദേശശുദ്ധി മറ്റൊന്നാണെന്ന നിഗമനം നടത്തിയ ശേഷമാണ് 5 ലക്ഷം രൂപ പിഴ ചുമത്തിയത്.
ജസ്റ്റീസുമാരായ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.ഹര്‍ജിക്കാരന്‍ സാങ്കേതിക പരിജ്ഞാനമില്ലാതെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി വിലയിരുത്തി.ലഭിക്കുന്ന തുക ഒരു മാസത്തിനകം സുപ്രീംകോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കുകയും അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനിലേക്ക് വിതരണം ചെയ്യുകയും ചെയ്യുമെന്ന് കോടതി പറഞ്ഞു.
കൊക്കകോളയും തംപ്സ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നും ഇതിനാല്‍ വില്‍പ്പന നിരോധിക്കണമെന്ന ആവശ്യവുമായിട്ടാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.