തിരുവനന്തപുരം : കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്ന ഈ സമയത്തും പെട്രോൾ, ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയിൽ സംസ്ഥാന സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കത്തയച്ചു.
തുടർച്ചയായി ഏഴ് ദിവസങ്ങളായുള്ള വിലവർധനവ് ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്താകമാനം ക്രൂഡോയിലിന് ഇതുവരെ ഇല്ലാത്ത രീതിയിൽ ഇന്ധന വില വർധിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ ഡിസലിനും പെട്രോളിനും മേലുള്ള എക്‌സൈസ് തീരുവ വലിയ തോതിൽ വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടി അമ്പരപ്പ് ഉണ്ടാക്കുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണ മെന്നും വർധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ ഉണ്ടാവണമെന്നും മന്ത്രി കത്തിലാവശ്യപ്പെട്ടു.