സംസ്ഥാനത്ത് ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം നിർമിക്കുന്ന ജി.പി.എസ് സംവിധാനം നിലവിൽ വന്നു. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് നിർമിക്കുന്ന ‘ഫീനിക്‌സ്-140′ എന്ന ജി.പി.എസ് എനേബിൾഡ് വെഹിക്കിൾ ട്രാക്കിംഗ് ആൻറ് മോണിറ്ററിംഗ് സിസ്റ്റം വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു.
വാഹനങ്ങളിൽ വെഹിക്കിൾ ട്രാക്കിംഗ് ആൻറ് സ്പീഡ് മോണിറ്ററിംഗ് സിസ്റ്റം (വി.ടി.എസ്) നിർബന്ധമായി ഘടിപ്പിക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്പന്നമായ’ഫീനിക്‌സ്-140’ നിർമിച്ചത്. ഇതിന് ഇൻറർനാഷണൽ സെൻറർ ഫോർ ഓട്ടോമാറ്റിക് ടെക്‌നോളജിയുടെ സർട്ടിഫിക്കറ്റ് ആയ എ.ഐ.എസ് 140 ലഭിച്ചിരുന്നു.
വൈവിധ്യവത്കരണത്തിന്റെ ഭാഗമായി യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എൽ.ഇ.ഡി തെരുവുവിളക്ക് നിർമാണ യൂണിറ്റ്, നവീകരിച്ച വാട്ടർ മീറ്റർ നിർമാണ യൂണിറ്റ്, റിസർച്ച് ആൻറ് ഡെവലപ്‌മെൻറ് എന്നിവ നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് കമ്പനി നേടി: 28.50 കോടി രൂപ. 50 ലക്ഷം രൂപയുടെ പ്രവർത്തനലാഭവും ഇതുവഴി കരസ്ഥമാക്കി.
ഗതാഗത ജോയിൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, റിയാബ് ചെയർമാൻ എൻ. ശശിധരൻ നായർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ എം.എച്ച്. ഷാരിയർ, എസ്.ആർ. വിനയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.