ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയായി

26

കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നൽകിവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയാക്കി. അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക് ക്ലാസ് പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യാനും മൂല്യനിർണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂർണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്.

ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് വി.എച്ച്.എസ് സ്‌കൂളിലും തുടർന്ന് പതിനാല് ജില്ലകളിലുമായി 34 വി.എച്ച്.എസ്. സ്‌കൂളുകളിലും ജിസ്യൂട്ട് ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മാസം (ആഗസ്റ്റ്) 153 ഹൈസ്‌കൂളുകളിലും, 141 ഹയർസെക്കന്ററി സ്‌കൂളുകളിലും 132 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലുമായി 426 സ്‌കൂളുകളിൽ പൈലറ്റ് വിന്യാസം പൂർത്തിയാക്കിയത്.

ഡിജിറ്റൽ ഉപകരണങ്ങളുടെയും കണക്ടിവിറ്റിയുടെയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്‌കൂളുകളിലാണ് പൈലറ്റ് വിന്യാസം നടത്തിയത്. 76723 കുട്ടികളും 8372 അധ്യാപകരും പൈലറ്റ് വിന്യാസത്തിന്റെ ഭാഗമായി സവിശേഷ ലോഗിൻ ഐഡി ഉപയോഗിച്ച് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വിജയകരമായി പ്രയോജനപ്പെടുത്തി.
47 ലക്ഷം കുട്ടികൾക്കും 1.7 ലക്ഷം അധ്യാപകർക്കും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുംവിധം ലോഗിൻ സൗകര്യമൊരുക്കുന്ന ജിസ്യൂട്ട് പ്ലാറ്റ്‌ഫോം ഗൂഗിൾ ഇന്ത്യയുമായി ചേർന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയത് സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ്.

കുട്ടികൾക്ക് പ്രത്യേക സ്റ്റോറേജ് ആവശ്യമില്ലാതെത്തന്നെ മൊബൈൽ ഫോൺ വഴിയും പ്രയോജനപ്പെടുത്താവുന്ന വിധത്തിലും അപരിചിതരെ ക്ലാസുകളിൽ നുഴഞ്ഞുകയറാൻ അനുവദിക്കാത്ത തരത്തിലുമാണ് ജിസ്യൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ പ്ലാറ്റ്‌ഫോമിൽ ശേഖരിക്കുന്നില്ലെന്ന് മാത്രമല്ല പരസ്യങ്ങൾ പൂർണമായും ഒഴിവാക്കിയും ഡേറ്റയി•േൽ കൈറ്റിന് മാസ്റ്റർ കൺട്രോൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന രൂപത്തിലാണ് പ്ലാറ്റ്‌ഫോം.

സ്‌കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ ക്ലാസുകൾ ക്രമീകരിക്കാനും അവ മോണിറ്റർ ചെയ്യാനും, വിവിധ റിപ്പോർട്ടുകൾ ശേഖരിക്കാനും കഴിയുന്ന ഒരു എൽ.എം.എസ് (ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം) ആയാണ് ജിസ്യൂട്ട് സജ്ജമാക്കിയിട്ടുള്ളത്.

സെപ്റ്റംബർ മാസത്തിൽത്തന്നെ പത്തുലക്ഷത്തോളം കുട്ടികൾക്ക് ലോഗിൻ ചെയ്യാനുള്ള സംവിധാനം ഒരുക്കി യിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പൈലറ്റനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിശീലന മൊഡ്യൂളും വീഡിയോകളും ഇന്ന് (ആഗസ്റ്റ് 31) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡി.ഇ.ഇ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവരും സംബന്ധിക്കും.

NO COMMENTS