തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യയം കുറിച്ച് ഇടതുമുന്നണി. പിണറായി വിജയന് ജനങ്ങളുടെ മനസില്‍ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചു. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകള്‍ പ്രകാരം 91 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നത്. സംസ്ഥാനത്ത് ആകെ ഇടതു തരംഗമാണ് അലയടിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകടമായില്ലെന്നും പിണറായി വിജയന് എന്ന മുഖ്യമന്ത്രിയെ ജനം നെഞ്ചിലേറ്റിയതായുമായാണ് വോട്ടെണ്ണല്‍ പകുതിയാകുമ്ബോള്‍ വ്യക്തമാകുന്നത്. നിലവില്‍ യുഡിഎഫിന് 45 സീറ്റില്‍ മാത്രമാണ് ലീഡുള്ളത്.
വോട്ടെണ്ണല്‍ തുടങ്ങിയ ശേഷം നില മെച്ചപ്പെടുത്തി എന്‍ഡിഎയും സജീവമായിരുന്നു. നേമം, പാലക്കാട്, തൃശൂര്‍ മണ്ഡങ്ങളിലാണ് എന്‍ഡിഎ ആദ്യം മുന്നിട്ട് വന്നത്. ബിജെപിയുടെ മിന്നും താരങ്ങളായി കൊണ്ടുവന്ന ഇ. ശ്രീധരന്, സുരേഷ് ഗോപി, കുമ്മനം രാജശേഖരന് എന്നിവരാണ് അവര്‍ക്കു വേണ്ടി പൊരുതിയത്.
സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ എല്‍ഡിഎഫ് തേരോട്ടമാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യുഡിഎഫ് മുന്നിട്ട് നിന്നു. കൊല്ലത്ത് എല്‍ഡിഎഫിന് തിരിച്ചടിയായി മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പിന്നില്‍ പോയി. ആലപ്പുഴയില്‍ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ മാത്രമാണ് ലീഡ് നേടാനായത്.
കോട്ടയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അഞ്ചു സീറ്റില്‍ എല്‍ഡിഎഫും നാലു സീറ്റില്‍ യുഡിഎഫുമാണ് മുന്നേറുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നിലയില്‍ ഞെട്ടിക്കുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, പാലായില്‍ ജോസ് കെ. മാണിയെ തറപറ്റിച്ച് മാണി സി. കാപ്പന് വന്‍ മുന്നേറ്റം നടത്തിയതും കേരളാ കോണ്‍ഗ്രസ് എമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.