ഭോപ്പാല്‍ • ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പൊലീസ് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശ് ഡിജിപി നേരിട്ടെത്തി പിണറായി വിജയനോട് ക്ഷമ ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പിണറായി വിജയനെ ഫോണില്‍ വിളിച്ചും ഖേദമറിയിച്ചു. മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഭോപ്പാലിലെത്തിയപ്പോഴാണ് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മധ്യപ്രദേശ് പൊലീസ് കേരളാ മുഖ്യമന്ത്രിയെ മടക്കി അയച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പിണറായെ ഫോണില്‍ വിളിച്ചു സംസാരിച്ചു. പിണറായിയുമായി കൂടിക്കാഴ്ച നടത്തിയ മധ്യപ്രദേശ് ഡിജിപിയും ഭോപ്പാല്‍ ജില്ലാ കലക്ടറും അസൗകര്യമുണ്ടായതില്‍ ഖേദം പ്രകടിപ്പിച്ചു. പിണറായിക്കു പരിപാടിക്കു പോകാന്‍ തടസമില്ലെന്ന് അവര്‍ വ്യക്തമാക്കി. ചടങ്ങു കഴിഞ്ഞല്ലോയെന്നു പിണറായി മറുപടി നല്‍കി.