തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ പ്രവേശന പരീക്ഷ ഉണ്ടാകില്ല. കേന്ദ്രം നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നീറ്റ് പട്ടികയില്‍ നിന്നായിരിക്കും മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ പ്രവേശനം അനുവദിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നീറ്റ് ബാധകമാക്കാന്‍ തീരുമാനിച്ചത്. എഞ്ചിനീയറിങ് പ്രവേശനത്തിന് മാത്രമായിരിക്കും ഇനി കേരളം പ്രത്യേകം പ്രവേശന പരീക്ഷ നടത്തുക. നാട്ടകം ഗവണ്‍മെന്റ് പോളിടെക്നിക് കേളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാര്‍ത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ 105 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 50 ഡോക്ടര്‍മാര്‍, 55 സ്റ്റാഫ് നേഴ്സുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി കാലാവധി 2017 ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി.