തിരുവനന്തപുരം: സംസ്ഥാനത്തിന് നീതി നല്‍കാത്ത ഒരു കേന്ദ്രബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്ബത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ലെന്നും കേരളം മുമ്ബാട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിച്ചില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പരിഗണിച്ചില്ല. റബ്ബര്‍ വിലസ്ഥിരത ഉറപ്പാക്കുക, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം വര്‍ധിപ്പിക്കുക, എയിംസ് തുടങ്ങിയ ആവശ്യങ്ങളും നിരാകരിക്കപ്പെട്ടു. നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് നാമമാത്രമായ തുക നീക്കിവെച്ചതൊഴിച്ചാല്‍ പുതിയ കേന്ദ്ര പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വന്‍കിട പദ്ധതികളുടെ പട്ടികയിലും കേരളമില്ല. സ്വഛ് ഭാരത് പോലെ കൊട്ടിഘോഷിച്ച പരിപാടികള്‍ക്ക് കാര്യമായ ഒരു തുകയും നീക്കിവെച്ചിട്ടില്ല. കൃഷി, ഉല്‍പാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല. ഇതുതന്നെയാണ് ഈ ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മയെന്നും പിണറായി പറഞ്ഞു.