തിരുവനന്തപുരം: ആക്രമണത്തിനെതിരായ നടിക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എറണാകുളത്ത് അതിക്രമത്തിനിരയായ നടിയുമായി ടെലഫോണില്‍ സംസാരിച്ചു. സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരാശങ്കയും അവര്‍ക്ക് വേണ്ട -മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.