നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി

202

കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യം ആസുത്രണ ചെയ്തത് മുഖ്യപ്രതി പൾസർ സുനി ആണെന്നും അദ്ദേഹം പറഞ്ഞു. മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇപ്പോൾ പറയാനാകില്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റകൃത്യം പ്രധാന പ്രതിയുടെ മാത്രം ആസൂത്രണമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ചലച്ചിത്രമേഖലയുമായി ബന്ധപ്പെടുത്തി വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. മറ്റാരെയെങ്കിലും കുറ്റവാളികളായി കണ്ടെത്തുന്നത് വരെ അത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. പ്രതിയെ പിടികൂടിയ രീതിയിൽ തെറ്റില്ലെന്നും അദേഹം പറഞ്ഞു.
മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വന്നശേഷം സംഘപരിവാറിന് മറുപടി നൽകാമെന്നും പിണറായി വിജയൻ പറഞ്ഞു. മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുക്കും. പോയി വന്നതിന് ശേഷം ആർഎസ്എസ് പ്രതിഷേധത്തിനെ കുറിച്ച് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാമ്പാടി നെഹ്റു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ വാക്കുകൾ കാര്യമായി എടുക്കുന്നില്ലെന്നും വൈകാരികമായി മാത്രമേ ആ പ്രതികരണത്തെ കാണുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയം കിട്ടാത്തതിനാലാണ് ജിഷ്ണുവിന്റെ വീട് ഇതുവരെ സന്ദർശിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ജിഷ്ണുവിന്റെ വീട് സന്ദർക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
നാളെയാണ് മംഗളൂരുവിൽ പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടി. മംഗളൂരു മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ സംഘപരിവാർ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് ആർഎസ്എസ് ഭീഷണി.

NO COMMENTS

LEAVE A REPLY