തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായ നിയമ നിര്‍മ്മാണം കൊണ്ടുവരുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വരുംവര്‍ഷത്തെ വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നും (നീറ്റ്) മാത്രമേ പ്രവേശനം നടത്താന്‍ പാടുളളൂവെന്നും ഏകീകരിച്ച ഫീസ് മാത്രമേ വിദ്യാര്‍ത്ഥികളില്‍നിന്നും ഈടാക്കാന്‍ പാടുളളൂ എന്നുമാണ് സുപ്രീം കോടതി വിധി.
ഫീസ് നിശ്ചയിക്കേണ്ടത് ഫീ റഗുലേറ്ററി കമ്മിറ്റിയാണ്.
സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്മെന്റ് സീറ്റും എന്ന നിലയായിരുന്നു വിദ്യാര്‍ത്ഥി പ്രവേശനം. മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസും മാനേജ്മെന്റ് സീറ്റില്‍ കൂടിയ ഫീസുമായിരുന്ന ഘടന. ഈ വ്യത്യാസം പാടില്ല എന്ന് സുപ്രീം കോടതി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. എന്‍.ആര്‍.ഐ അടക്കമുളള എല്ലാ സീറ്റുകളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കുകയും സംവരണ തത്വം പാലിച്ചുകൊണ്ട് നീറ്റിലെ മെറിറ്റ് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്മെന്റ് നിര്‍ബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ മാനേജ്മെന്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ സീറ്റ് ഷെയറിങ്ങിലും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഈ വര്‍ഷം അനുവദനീയമല്ല. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കണം പ്രവേശനമെന്നും ഏകീകരിച്ച ഫീസ് സമ്ബ്രദായം ഏര്‍പ്പെടുത്തുമ്ബോള്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുളള അവസരം ലഭിക്കുന്ന വിധത്തില്‍ അനുയോജ്യമായ ക്രമീകരണം സര്‍ക്കാര്‍ ഉണ്ടാക്കാണമെന്നും നിര്‍ദ്ദേശിച്ചു. നിയമനിര്‍മ്മാണം അടക്കമുളള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുകയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതുപോലെ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് സമഗ്രമായ ഒരു നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീറ്റ് റാങ്ക് പരിഗണിക്കുമ്ബോള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.