മലപ്പുറം: ടി പി സെന്‍കുമാറിന് പൊലീസ് മേധാവിയായി വീണ്ടും നിയമിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി വന്നാല്‍ പിറ്റേ ദിവസം തന്നെ നടപ്പാക്കാനാകില്ലെന്നും പിണറായി വിശദീകരിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം അന്തിമതീരുമാനമെടുക്കാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്ചയാണ് സെന്‍കുമാറിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധിയുണ്ടാകുന്നത്. പൊലീസ് മേധാവിയായുള്ള പുനര്‍നിയമനം വൈകുന്നുവെന്നാരോപിച്ച ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ ഇന്നലെ കോടതി അലക്ഷ്യ ഹര്‍ജിയുമായി നീങ്ങിയതോടെയാണ് സര്‍ക്കാരിന് കുരുക്ക് മുറുകിയത്. പുനഃപരിശോധനക്ക് സാധ്യതയില്ലെന്നും വിധി ഉടന്‍ നടപ്പക്കാണമെന്നുമായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വിധി നടപ്പാക്കുകയാണ് ഉചിതമെന്ന ഉപദേശമാണ് പല കോണുകളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്നത്.