തിരുവനന്തപുരം : കമ്പ്യൂട്ടര്‍ റാൻസം വെയറുകൾക്കെതിരേ മുൻകരുതൽ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. വിവിധ സ്ഥാപനങ്ങൾക്കു നേർക്ക് ആഗോളവ്യാപകമായി സൈബർ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ആഗോളവ്യാപകമായി രണ്ടു പുതിയ തരം കന്പ്യൂട്ടർ റാൻസംവെയറുകൾ പ്രചരിക്കുന്നതായി അറിയുന്നു. കമ്പ്യൂട്ടറിൽ ഇവ ബാധിച്ചാൽ പ്രധാനപ്പെട്ട ഫയലുകളെ ഇവ പൂട്ടുന്നു, പിന്നീട് അവ തുറന്നു കിട്ടണമെങ്കിൽ ഓണ്‍ലൈൻ കറൻസി ആയ ബിറ്റ് കോയിൻ നിക്ഷേപിച്ചു മോചിപ്പിച്ചെടുക്കേണ്ട അവസ്ഥയാണ്. ബ്രിട്ടനിലെയും സ്പെയിനിലെയുമൊക്കെ സർക്കാർ സംവിധാനത്തെയും ഫെഡ് എക്സ് തുടങ്ങിയ കന്പനികളെയും ഇവ ഗുരുതരമായി ബാധിച്ചുവെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ആശുപത്രി ശൃംഖലകളെയാണ് പ്രധാനമായും ഇവ ലക്ഷ്യം വച്ചിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്- മുഖ്യന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അപരിചിതമായ ലിങ്കുകൾ, സംശയാസ്പദമായ ഇ- മെയിലുകൾ, അവയിലെ അറ്റാച്ച്മെന്റുകൾ എന്നിവ തുറക്കാതെ നോക്കണമെന്നും കന്പ്യൂട്ടറിലെ ആന്റി വൈറസ് അപ്ഡേറ്റ് ചെയ്ത് വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.