കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്വകാര്യ ആശുപത്രികളുടെ ചികിത്സാനിരക്ക് ഏകീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരേ ചികിത്സക്ക് വിവിധ ആശുപത്രികളില്‍ തോന്നിയപോലെ ഫീസ് ഈടാക്കുന്ന സമ്ബ്രദായമാണ് ഇപ്പോഴുള്ളതെന്നും ഇതിന് നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ എസ് ഐ പരിരക്ഷയുള്ള രോഗികള്‍ക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എല്ലാവിധ ചികിത്സാ സൗകര്യവും ലഭ്യമാക്കും. ഇതിന് ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും വിട്ടു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും.
പാവപ്പെട്ട രോഗികളുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്നകാര്യം പരിഗണിക്കും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ്
പരിരക്ഷ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ആരോഗ്യരംഗത്തെ സമഗ്രവികസനത്തിനായി 394 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 121 കോടി രൂപ മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായും 22 കോടി രൂപ മെഡിക്കല്‍ യൂണിവേഴ്സിറ്റിക്കായും 59 കോടി രൂപ ആര്‍ സി സിക്കും 29 കോടി രൂപ മലബാര്‍ കാന്‍സര്‍ സെന്ററിനുമായിട്ടാണ് നീക്കിവച്ചിട്ടുള്ളത്.
പാരിപ്പള്ളി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാത്തത് തികച്ചും സാങ്കേതികമായ ഒരു പ്രശ്നമാണ്. അംഗീകാരം ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളജും യാഥാര്‍ത്യമാവും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യേണ്ടതെല്ലാം ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെയ്തു തീര്‍ത്തു. 108 തസ്തികളാണ് കൊല്ലം മെഡിക്കല്‍ കോളജിനായി പുതുതായി സൃഷ്ടിച്ചത്. ഇതിന് പുറമേ 80 നഴ്സിങ് പാരാമെഡിക്കല്‍ തസ്തികളും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
ആരോഗ്യരംഗത്ത് നവീനമായ പദ്ധതികള്‍ നടപ്പിലാക്കും സമ്ബൂര്‍ണവും സാര്‍വത്രികവുമായ രോഗപ്രതിരോധത്തിലൂന്നിയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. ജെ മേഴ്സിക്കുട്ടിയമ്മ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം എല്‍ എമാരായ ജി എസ് ജയലാല്‍, വി ജോയ്, എം നൗഷാദ്, എം മുകേഷ്, ഒ രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, ഡോ. അശ്വിനി കുമാര്‍ എസ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.