ബിജെപിക്ക് എതിരായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്‍ പിണറായി വിജയന്‍

266

തിരുവനന്തപുരം: സംഘപരിവാറിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് ജര്‍മ്മന്‍ നാസികളെപ്പോലെയാണ്. ബിജെപിക്ക് എതിരായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പിണറായി തുറന്നടിച്ചു. കന്നുകാലി കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ദ ഹിന്ദുവിന് നല്‍കി അഭിമുഖത്തിലാണ് പിണറായി ആര്‍എസ്എസിനെയും കോണ്‍ഗ്രസിനെയും വിമര്‍ശനങ്ങള്‍കൊണ്ട് മൂടിയത്. ബിജെപി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അല്ല. ആര്‍എസ്എസ് ആശയങ്ങളുടെ പ്രചാരകരാണ്. ആര്‍എസ്എസ് ആണ് കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ആര്‍എസ്എസിന്റെ നയങ്ങള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഉതകുന്നതല്ല. ആര്‍എസ്എസ് മതേതരത്തം എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന പദം ഒഴിവാക്കണമെന്ന് ബിജെപി മന്ത്രി തന്നെ ആവശ്യപ്പെട്ടു. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് ഉണ്ടാകണമെന്നും പിണറായി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങളെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കളിപ്പോള്‍ ബിജെപി പാളയത്തില്‍ ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. സിപിഎം ആണ് ബിജെപിയുടെ പ്രധാന എതിരാളി. ദേശീയ രാഷ്ട്രീയത്തില്‍ കരുത്തരല്ലെങ്കിലും അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയക്കുന്നു. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് വര്‍ഗീയകലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിലൂടെ രാഷ്ട്രീയഇടപെടല്‍ നടത്തുകയാണ് അവരുടെ ലക്ഷ്യം. ഹിറ്റ്‌ലര്‍ ജര്‍മിനിയില്‍ നടപ്പാക്കിയ അതേ നയമാണ് ആര്‍എസ്എസ് ഇന്ത്യയില്‍ നടപ്പാക്കുന്നത്. അവരുടെ സംഘടനാ ചട്ടക്കൂട് തന്നെ മുസോളനിയുടെ ഫാസിസ്റ്റ് സംഘടനാ ഘടനയാണ്. നാസികളെപ്പോലെ അജണ്ടയുള്ള ആര്‍എസ്എസ് വലിയ അപകടകാരികളാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ നിരന്തരം ഫാസിസ്റ്റ് ആക്രമങ്ങള്‍ ഉണ്ടാകുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കുന്നു.

NO COMMENTS