തിരുവനന്തപുരം: സിപിഎം-ബിജെപി രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ആറാം തീയതി സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഉന്നത സംഘപരിവാര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരു തരത്തിലുള്ള അക്രസംഭവങ്ങള്‍ ഇനി ഉണ്ടാകരുതെന്നും, ഇതിനായി ജാഗ്രത പുലര്‍ത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അക്രമസംഭവങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാനായി ഇരു വിഭാഗത്തിന്റെയും അണികളെ ബോധവല്‍ക്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. എല്ലാവിധ അക്രമങ്ങളില്‍ നിന്നും അണികള്‍ ഒഴിഞ്ഞുനില്‍ക്കുന്നതിന് രണ്ടു കൂട്ടരും ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗത്തിന് പുറമെ, ഇരു വിഭാഗങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.
തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാര്‍ട്ടി ഓഫീസുകളോ, സംഘടനാ ഓഫീസുകളോ, വീടുകളോ ആക്രമിക്കാന്‍ പാടില്ലായെന്ന് നേരത്തെ തന്നെ തീരുമാനമുള്ളതാണ്. എന്നാല്‍ തിരുവനന്തപുരത്ത് അത്യന്തം നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായത്. പല കൗണ്‍സിലര്‍മാരുടെയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്, കോടിയേരി ബാലകൃഷ്ണന്റെ വീട് എന്നിവയ്ക്ക് നേരെയും ആക്രമണങ്ങളുണ്ടായി. ഇത് അപലപനീയമാണ്. സംഘര്‍ഷം അരങ്ങേറിയ തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്തിറക്കി വിട്ട നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.