തിരുവനന്തപുരം: അണ്ടര്‍ 17 ലോകകപ്പിന് ആരവമുയര്‍ത്തി പത്ത് ലക്ഷം ഗോള്‍ ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം ഒരുക്കിയ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്ബയിന്‍ ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നാലെ മന്ത്രിമാരും എംഎല്‍എമാരും ഗോള്‍പോസ്റ്റ് നിറച്ചു. ഈ സമയം കേരളത്തിന്റെ മുക്കുമൂലകളില്‍ എല്ലാം ഗോള്‍ വല ചലിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ കൊണ്ട് പത്ത് ലക്ഷം ഗോളുകള്‍ തീര്‍ത്ത് ക്യാമ്ബയിന്‍ ചരിത്രമായപ്പോള്‍ കേരളം അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ ആരവത്തിലേക്ക് കടന്നു. ഇനി ഒന്‍പത് നാള്‍ കൂടി കഴിഞ്ഞാല്‍ ലോകകപ്പിന് തുടക്കമാകും.
ലോകകപ്പിന്റെ പ്രചാരണാര്‍ഥം കേരള സ്പോര്‍ട്സ് കൗണ്‍സിലാണ് വണ്‍ മില്യണ്‍ ഗോള്‍ പരിപാടി നടത്തിയത്. 941 ഗ്രാമപഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും കോളജുകളിലും സ്കൂളുകളിലും എല്ലാം പ്രത്യേകം ഗോള്‍ പോസ്റ്റുകള്‍ ഒരുക്കിയിരുന്നു. എല്ലയിടത്തും ആളുകള്‍ വര്‍ധിത വീര്യത്തോടെ ഗോള്‍വല കുലുക്കി ആവേശത്തില്‍ പങ്കുചേര്‍ന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എസി മൊയ്തീന്‍, പി തിലോത്തമന്‍, കെ രാജു തുടങ്ങിയവര്‍ ഗോള്‍ നേടി. എംഎല്‍എമാരായ ടി വി രാജേഷ്, എ എന്‍ ഷംസീര്‍ തുടങ്ങിയവരും ഗോളടിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ലോകകപ്പിന്റെ കേരളത്തിലെ വേദിയായ കൊച്ചിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും മുന്‍ അത്ലറ്റുമായ മേഴ്സിക്കുട്ടനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ദര്‍ബാള്‍ ഹാള്‍ ഗ്രൗണ്ടിലായിരുന്നു ഗോള്‍ പോസ്റ്റ്. തൃശൂരില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐ.എം. വിജയനും ജോ പോള്‍ അഞ്ചേരിയും പങ്കെടുത്തു. കോഴിക്കോട് ദേവഗിരി കോളേജില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ താരവും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറുമായ സി.കെ.വിനീത് ഗോളടിച്ചു. ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കിക്കോഫ്. കൊളംബിയയും ഘാനയും തമ്മിലാണ് ആദ്യ മത്സരം.