തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. പറഞ്ഞ സമയത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് കാര്യക്ഷമത ഇല്ലാത്തത്കൊണ്ടാണെന്ന് മുഖ്യമന്ത്രി. ഇത് ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരാമത്ത് പണികള്‍ തുടങ്ങുന്നതിന് മുന്‍പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം, നിലവില്‍ അക്കാര്യത്തില്‍ പോരായ്മകളുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനുള്ള പണം ശമ്പളമായി ലഭിക്കുന്നുണ്ടെങ്കിലും ചിലര്‍ക്കതില്‍ തൃപ്തിയില്ലന്നും ഇവര്‍ കരാറുകാരുമായി സന്ധി കൂടി അഴിമതി നടത്തുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള അഴിമതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് മരാമത്ത് പണികള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള പണം യഥാസമയം വിനിയോഗിക്കുന്നില്ലെന്നും പദ്ധതികളുടെ പണം വിനിയോഗിക്കുന്നതില്‍ സംസ്ഥാനം വളരെ പുറകിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡില്‍ നിന്നും ഫണ്ട് ലഭിച്ചാലും പല പദ്ധതികളും തുടങ്ങാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് റോഡ് ഉള്‍പ്പെടെയുള്ളവയുടെ പണികള്‍ വൈകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കാരണവശാലും പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.