മേയര്‍ക്കെതിരെ നടന്ന അക്രമം കരുതിക്കൂട്ടി നടത്തിയതാണെന്ന് മുഖ്യമന്ത്രി

247

തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മേയറുടെ നില അതീവ ഗുരുതരാവസ്ഥയിലെന്നാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് സാരമായ പരിക്കുണ്ട്. അല്‍പ്പം കൂടി അക്രമം കടന്നുപോകുകയായിരുന്നുവെങ്കില്‍ നട്ടെല്ലിന് പരുക്കേറ്റ് ശരീരം തന്നെ നിശ്ചലമായേനെ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിരവധി കേസുകളില്‍ പ്രതികളായ ആര്‍എസ്എസുകാര്‍ സന്ദര്‍ശക ഗ്യാലറിയില്‍ കയറിക്കൂടി. യാതൊരു പ്രകോപനവും കൂടാതെ നടന്ന അക്രമത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും ചേരുകയായിരുന്നു. ആര്‍എസ്എസാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. മേയറെ അക്രമിച്ച ശേഷം സ്ത്രീകളായ കൊണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു.

ഉന്തിലും തള്ളിലും പെട്ടാണ് അക്രമം നടന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് തെറ്റാണ്. യാതൊരു പ്രകോപനവും കൂടാതെ നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു. നഗരസഭയിലെ സംഭവങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS