തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കുന്നതില് കേന്ദ്രത്തിന് കടുത്ത വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് നവംബര്‍ 28ന് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഈ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ മാത്രമാണ് കടലില്‍ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. 30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചു. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് ലഭിച്ചത്. ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. 30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭ്യമായത്. മാനദണ്ഡം അനുസരിച്ച് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ഓഖിയുടെ കാര്യത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പു കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ചയില്ല, കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
അതേസമയം ചുഴലിക്കാറ്റില്‍ പെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. ബോട്ടും വലയും നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെത്താനാവാത്ത തൊഴിലാളികളുടെ കുടുംബത്തിന് സഹായത്തിന് പ്രത്യേക സമിതി രൂപീകരിക്കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം. മുതിര്‍ന്നവര്‍ക്ക് ദിവസേന 60 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.