തിരുവനന്തപുരം: മോദി സര്‍ക്കാരിന് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണ് ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്ന് മോദി തമിഴ്നാട് മുഖ്യമന്ത്രിയെ മാത്രം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത് ഈ മനോഭാവത്തിന്റെ തെളിവാണെന്നും പിണറായി ആരോപിച്ചു. അതേസമയം തനിക്കായി പുതിയ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി തള്ളി. രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നത് വിവിഐപികള്‍ക്കു വേണ്ടിയാണ്. കേരളത്തിലെത്തുന്ന വിവിഐപികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ആവശ്യമാണ്. സാധാരണ സുരക്ഷാ നടപടിക്രമത്തിന്റെ ഭാഗമായാണ് രണ്ട് കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.അത് മുഖ്യമന്ത്രിക്കുള്ള കാറാണെന്ന് ചിലര്‍ തെറ്റായ വാര്‍ത്ത നല്‍കിയന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും തനിക്ക് സുരക്ഷാഭീഷണി ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന സുരക്ഷ തനിക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.