കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന വാട്ട്സ്‌ആപ്പ് സന്ദേശം കൈമാറിയ പോലീസുകാരനു സസ്പെന്‍ഷന്‍. കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അസ്കറിനെതിരെയാണു നടപടി. പോലീസുകാരുടെ “സഹപ്രവര്‍ത്തകര്‍” എന്ന ഗ്രൂപ്പിലാണ് അസ്കര്‍ പോസ്റ്റിട്ടത്. മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു പരിഹാസം. മറ്റ് ഗ്രൂപ്പുകളില്‍നിന്നു കൈമാറി വന്ന സന്ദേശമായിരുന്നു ഇത്. മുഖ്യമന്ത്രി ശബരിമലയിലെത്തി അയ്പ്പയനോട് പ്രവൃത്തിസമയം കൂട്ടാന്‍ ആവശ്യപ്പെട്ടെന്നും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്‍റെ ഭാഗമായി അയ്യപ്പനോട് ഷര്‍ട്ട് ധരിക്കാന്‍ നിര്‍ദേശിച്ചു-തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്.ശബരിമലയില്‍ തത്വമസി എന്നതു മാറ്റി വിപ്ലവം ജയിക്കട്ടെ അല്ലെങ്കില്‍ ലാല്‍സലാം എന്ന് എഴുതാന്‍ തീരുമാനിച്ചെന്നും വാട്ട്സ്‌ആപ് കുറിപ്പില്‍ ഉണ്ടായിരുന്നു.