തിരുവനന്തപുരം • ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ഓഫിസിനു മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണപരിഷ്കാര കമ്മിഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കും. കമ്മിഷന്റെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.നിലവില്‍ ഐഎംജി കെട്ടിടത്തിലാണ് വിഎസിന് ഓഫിസ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഓഫിസ് സെക്രട്ടേറിയറ്റിനുള്ളില്‍തന്നെ വേണമെന്ന നിലപാടാണ് വിഎസിന്. എങ്കില്‍ മാത്രമേ ഓഫിസിന്റെ പ്രവര്‍ത്തനം ഭംഗിയാക്കാന്‍ സാധിക്കൂവെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.സെക്രട്ടേറിയറ്റിലെ മുഖ്യ മന്ദിരത്തിലും രണ്ട് അനക്സിലും സ്ഥലം ഉണ്ടായിരിക്കെ ഇവിടെ നിന്ന് അകലെ ലോ കോളജ് ജംക്ഷനില്‍ വിഎസിന് ഓഫിസ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കമാണ് തര്‍ക്കവിഷയമായത്. സെക്രട്ടേറിയറ്റിലെ പുതിയ അനക്സ് മന്ദിരമാണ് വിഎസ് ഓഫിസ് ആഗ്രഹിക്കുന്നതെങ്കിലും മുന്‍മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റ് വളപ്പില്‍ കുടിയിരുത്തുന്നതിനോട് ഉന്നത ഭരണകേന്ദ്രങ്ങള്‍ക്കു താല്‍പര്യമില്ലെന്നാണ് സൂചന.