കണ്ണൂര്‍ : കീഴാറ്റൂരിലൂടെ മാത്രമേ നിര്‍ദിഷ്ട ബൈപ്പാസ് റോഡ് നിര്‍മ്മിക്കാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കീഴാറ്റൂരിന് ബദലായി ഒരു സ്ഥലമോ പാതയോ കണ്ടെത്താനോ നിര്‍ദേശിക്കാനോ സമര്‍ക്കാര്‍ക്ക് സാധിച്ചിട്ടില്ല. വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ നാട്ടിലുണ്ടെന്നും ഭരണപക്ഷം പ്രതിപക്ഷം എന്ന് കാണിക്കാതെ വികസന പദ്ധതികളില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 56 പേര്‍ ഭൂമി വിട്ടുനല്‍കി. നാലു പേര്‍ മാത്രമാണു വിട്ടുനല്‍കാത്തത്. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. അനാവശ്യ എതിര്‍പ്പുകള്‍ക്കു പാര്‍ട്ടി വഴങ്ങില്ല. വസ്തുതകള്‍ മനസ്സിലാക്കിയത് കൊണ്ടാണ് സ്ഥലം വിട്ടു തരേണ്ട 60 പേരില്‍ 56 പേരും അതിന് തയ്യാറായത്. സിപിഎമുകാരായ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയും അധികാരത്തിലുണ്ടെന്ന് കരുതി സിപിഎമ്മുകാരുടെ സമരത്തിന് വേണ്ടി വികസനം കെട്ടി നിര്‍ത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൈപ്പാസ് നാടിന്‍റെ ആവശ്യമാണെന്നും സര്‍ക്കാര്‍ കൃഷിക്കാര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.