റോഡ് അപകടങ്ങളും നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

226

തിരുവനന്തപുരം: റോഡ് അപകടങ്ങളും നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളിലൂന്നിയ സംവിധാനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ റോഡ് സുരക്ഷാവാരം സംസ്ഥാനതല സമാപന സമ്മേളനം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളില്‍ ജീവന്‍ പൊലിയാതിരിക്കാനും അപകടങ്ങളുണ്ടാവാതിരിക്കാനും സുരക്ഷിതത്വത്തിന്റേതായ ഒരു ഗതാഗത സംസ്‌കാരം സംസ്ഥാനത്തുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാനാവാശ്യമായ മുന്നൊരുക്കങ്ങളും നിയമനിര്‍മാണങ്ങളുമുള്ളപ്പോള്‍ നമ്മുടെ നാട്ടില്‍ റോഡ് നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്കു കാരണമാവുന്നുണ്ട്. അപകടമുണ്ടായാല്‍ ജീവഹാനി സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വാഹനങ്ങളിലുണ്ടാവണം. ഡ്രൈവര്‍ മാത്രമല്ല യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഏറ്റവുമധികം അപകടം സംഭവിക്കുന്നതും മാരകമായി പരുക്കു പറ്റുന്നതും ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. അമിത വേഗതയില്‍ ഓടിക്കാന്‍ വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത വാഹനങ്ങളാണ് ഇത്തരത്തില്‍ ഊര്‍ജ്ജസ്വലരായ ധാരാളം ചെറുപ്പക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയെന്നതു ശ്രദ്ധേയമാണ്. ഹെല്‍മറ്റ് കര്‍ശനമാക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, അവരെ രക്ഷിക്കാന്‍ വേണ്ടിയാണ്. റോഡുകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളില്‍ ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഏകോപിപ്പിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

NO COMMENTS