കെവിൻ വധക്കേസ്‌ ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

170

തിരുവനന്തപുരം : കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവമുണ്ടായി. എസ്‌ഐയുടെ വീഴ്ചയും തന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധമില്ല. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത് രാവിലെയാണ്. തന്റെ പരിപാടി വൈകീട്ടായിരുന്നു. പോലീസ് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയതാണ്. എന്നിട്ടും വീഴ്ചകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടികള്‍ എടുക്കും. കെവിന്റെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാര്‍. വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിടുവായത്തം പറയുകയാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്താണെന്ന് ചെന്നിത്തലക്ക് മനസ്സിലായിട്ടില്ല. സര്‍ക്കാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതിനെ അങ്ങേയറ്റം വിമര്‍ശിക്കാം. എന്നാല്‍, വാര്‍ത്തകള്‍ വാര്‍ത്തകളായി നല്‍കണം. വിധി പറയുന്ന രൂപത്തില്‍ പറയരുത്. അത് ശരിയായ രീതിയല്ല. മാധ്യമങ്ങള്‍ ആരാണെന്ന് ജനങ്ങളും അറിയണം. മാധ്യമങ്ങള്‍ മാധ്യമധര്‍മം പാലിക്കണം. മാധ്യമങ്ങള്‍ തെറ്റായ കാര്യമാണ് ചെയ്യുന്നത്. നാടിനെ അപമാനിക്കുന്ന ശ്രമമാണ് നടത്തുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ പോലീസിന്റെ ആകെയുള്ള വീഴ്ചയായി സര്‍ക്കാര്‍ കാണുന്നില്ല. ഡിജിപി നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ടെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS