ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹി റെയില്‍വേ ഭവന് മുന്നില്‍ ധര്‍ണ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റെയില്‍വേ കോച്ച് നിര്‍മാണത്തിനായി നിലവിലെ ഫാക്ടറികള്‍ മതിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കാന്‍ നീക്കം നടത്തുന്നത്. ഇത് കേരളത്തോടുള്ള അവഗണനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോച്ചുകളുടെ ആവശ്യത്തെക്കുറിച്ച് അറിയണമെങ്കില്‍ കേരളത്തിലേക്ക് വരണം. പൊട്ടിപ്പൊളിഞ്ഞ കോച്ചുകളാണ് കേരളത്തില്‍ ഓടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കോച്ച് ഫാക്ടറികള്‍ വേണ്ടെന്ന് പറയുന്ന കേന്ദ്രം ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഫാക്ടറികള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍, കേരളത്തില്‍ ഫാക്ടറി വേണ്ട എന്ന നിലപാടിലാണ് കേന്ദ്രം. ഇടത് സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ടാണ് കേരളത്തെ തഴയുന്നത്. ജനാധിപത്യത്തെ കേന്ദ്രം അംഗീകരിക്കുന്നില്ല. യുപിഎ സര്‍ക്കാര്‍ കാണിച്ച അവഗണന ബിജെപി സര്‍ക്കാര്‍ തുടരുകയാണ്. ജനതയെ പീഡിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ പ്രവര്‍ത്തിക്കാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.