തിരുവനന്തപുരം : പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ പക്കലുള്ള ചില വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളവയാണ്. എന്നാല്‍ അങ്ങനെയല്ലാത്ത വിജ്ഞാനമുണ്ട്. അവ പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. വിവിധ പ്രൊഫഷണല്‍ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ഡോക്ടറേറ്റും ലഭിച്ചവര്‍ ഇന്ന് പോലീസിലുണ്ട്. ഇവര്‍ വ്യത്യസ്തമായ നൈപുണ്യ ശേഷി പോലീസിന് പ്രദാനം ചെയ്യുന്നു. ഇവരുടെ വൈദഗ്ധ്യം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് ചിന്തിക്കണം. ആധുനിക സാങ്കേതികതകള്‍ ഉപയോഗിച്ച് ഇ ലേണിംഗ് സംവിധാനത്തിലൂടെ പോലീസിന് പരിശീലനം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാം വിജ്ഞാനാധിഷ്ഠിത സമൂഹത്തിലാണ് ജീവിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ ഒരു സമൂഹത്തിന് വിജയിക്കാനാവൂ. ആധുനിക നടപടികള്‍ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കേരള പോലീസ് എന്നും മുന്‍പന്തിയിലാണ്. കേരള പോലീസിന്റെ ജനമൈത്രിയും സ്റ്റുഡന്റ് പോലീസ് കേഡറ്റും ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകളും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.